ന്യുഡല്‍ഹി: ഇന്ത്യന്‍ നാവിക സേനാ മേധാവിയായി അഡ്മിറല്‍ ആര്. ഹരികുമാര്‍ ചുമതലയേറ്റു. അഡ്മിറല്‍ കരംബീര്‍ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഹരികുമാര്‍ ചുമതലയേറ്റെടുത്തത്. പശ്ചിമ നേവല്‍ കമാന്‍ഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍ എത്തുന്നത്. സേനാ മേധാവിയായി ചുമതലയേറ്റതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം.
ഏറെ നിര്‍ണായകമായ സമയത്താണ് നാവികസേനാ മേധാവിയായി ചുമതലയേറ്റതെന്നും ഏറെ അഭിമാനത്തോടെയാണ് ഇപ്പോള്‍ സ്ഥാനമൊഴിയുന്നതെന്നും അഡ്മിറല്‍ കരംബീര്‍ സിങ് പ്രതികരിച്ചു. അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ നിര്‍ദേശങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആര്. ഹരികുമാര്‍ നാവികസേനാ മേധാവി സ്ഥാനം ഏറ്റെടുത്തത്.
തിരുവനന്തപുരം നീറമണ്‍കര മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലും തിരുവനന്തപുരം ആര്‍ട്സ് കോളേജിലും പഠിച്ച അദ്ദേഹം 1979-ലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേരുന്നത്. 1983 ജനുവരി ഒന്നിനാണ് നാവികസേനയില്‍ നിയമിതനാകുന്നത്. 39 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് ഇന്ത്യന്‍ നാവിക സേനയുടെ തലപ്പത്തേക്ക് ആര് ഹരികുമാര്‍ അവരോധിക്കപ്പെടുന്നത്. സ്ത്യുത്യര്‍ഹ സേവനത്തിന് വിശിഷ്ടസേവാ മെഡല്‍ (2010), അതിവിശിഷ്ട സേവാ മെഡല്‍ (2016), പരമവിശിഷ്ട സേവാ മെഡല്‍ (2021) എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഐ.എന്‍.എസ്. വിരാട് ഉള്‍പ്പെടെ അഞ്ച് പടക്കപ്പലുകളുടെ തലവനായി പ്രവര്‍ത്തിച്ചു. ഭാര്യ: കല നായര്‍. മകള്‍: അഞ്ജന നായര്‍.

