തിരുവനന്തപുരം: കേരള ബാങ്കിന്റെ വിദ്യാനിധി സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പദ്ധതിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാന്‍ മറന്നു പോയവരുണ്ട്. ഇത് അപകടകരമായ അവസ്ഥയാണ്. എന്തിനാണ് സമ്പാദ്യമെന്ന് ചിന്തിക്കേണ്ട ഘട്ടമാണിത്. സമ്പാദിക്കാനല്ല, മറിച്ച് ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളില്‍ അമിതമായ സമ്പാദ്യ ബോധം ഉണ്ടാക്കാന്‍ പാടില്ല. തന്റെ കയ്യിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാണ് പഠിപ്പിക്കേണ്ടത്’, മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വിദ്യാനിധി പദ്ധതിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണ ബാങ്കുകള്‍ വഴിയാണ് ഗ്രാമങ്ങളില്‍ ബാങ്കിംഗ് വ്യാപകമായതെന്നും സഹകരണ ബാങ്കുകള്‍ക്കെതിരെയുള്ള ചില നീക്കങ്ങള്‍ കേരളത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പദ്ധതി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 7മുതല്‍ 10-ാം ക്ലാസ്‌വരെയുള്ള വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് വിദ്യാനിധി പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയില്‍ മുന്‍ഗണന ഉണ്ടായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
12 മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ കേരള ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് തുറക്കാനാകും. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനും പണം അവരുടെ ഭാവി ആവശ്യങ്ങള്‍ക്ക് പ്രയോജനപ്രദമാകും വിധം കുട്ടികളെ പ്രാപ്താരാക്കാനുമാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നത്.

