ഒന്നാം ടെസ്റ്റ്; ഇന്ത്യയുടെ വിജയം ഒമ്പത് വിക്കറ്റകലെ

കാണ്‍പൂര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആവേശകരമായ അഞ്ചാം ദിനം ഇന്ന്. ഇന്ത്യ മുന്നോട്ടുവെച്ച 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കെ 280 റണ്‍സാണ് ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത്. ടോം ലാദം (2), വില്യം സോമര്‍വില്ലി (0) എന്നിവരാണ് (0) ക്രീസില്‍.

നാലാം ദിനത്തിന്റെ അവസാന സമയത്ത് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ന്യൂസിലന്‍ഡിന് വില്‍ യങ്ങിന്റെ (2) വിക്കറ്റാണ് നഷ്ടമായത്. നിശ്ചിത സമയത്തിനുള്ളില്‍ റിവ്യൂ നല്‍കാത്തതിനാല്‍ യങ്ങിന്റെ റിവ്യൂ തീരുമാനം അംപയര്‍മാര്‍ നിരസിക്കുകയായിരുന്നു. ഇതോടെ നിര്‍ണ്ണായകമായ വിക്കറ്റ് ഇന്ത്യക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനത്തിലാണ് ടീം പ്രതീക്ഷ വെക്കുന്നത്. അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേരുമ്പോള്‍ ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ടോം ലാദം, കെയ്ന്‍ വില്യംസന്‍, റോസ് ടെയ്ലര്‍ എന്നിവരുടെ പ്രകടനം ന്യൂസിലന്‍ഡിന് നിര്‍ണ്ണായകമാവും. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു. മായങ്ക് അഗര്‍വാള്‍ (17), ശുഭ്മാന്‍ ഗില്‍ (1), ചേതേശ്വര്‍ പുജാര (22), അജിന്‍ക്യ രഹാനെ (4), എന്നിവരെല്ലാം നിരാശപ്പെടുത്തി. അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമമാണ് പാളിയത്.

എന്നാല്‍ ശ്രേയസ് അയ്യര്‍ (65), വൃദ്ധിമാന്‍ സാഹ (61*) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി. പരിക്കിന്റെ വെല്ലുവിളിയേയും സമ്മര്‍ദ്ദത്തേയും അതിജീവിച്ച് ക്ലാസിക്കല്‍ അര്‍ധ സെഞ്ച്വറി തന്നെയാണ് അദ്ദേഹം നേടിയത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും ശ്രേയസ് നേടിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 345 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് ഒന്നാം വിക്കറ്റില്‍ 151 റണ്‍സിന്റെ കൂട്ടുകെട്ട് ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് തകര്‍ന്നു.