മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വീണ്ടും; സന്തോഷം പങ്കുവെച്ച് നടന്‍ അശോകന്‍

1991ലെ അമരം സിനിമക്ക് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടന്‍ അശോകന്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലാണ് അശോകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്തത നിറഞ്ഞൊരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് അശോകന്‍ പറയുന്നു.

‘ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട് പോകുന്ന സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്. തന്റെ കഥാപാത്രവും. മമ്മൂക്കയുടെതും വളരെ വ്യത്യസ്തമായ ഒരു വേഷമാണ്.
30 വര്‍ഷത്തിനു ശേഷം മമ്മൂക്കക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത തന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്’ അശോകന്‍ പങ്കുവെക്കുന്നു. സന്തോഷവും ത്രില്ലുമുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂക്കക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് അശോകന്‍ പറഞ്ഞു.