സാമ്പത്തിക ദൂര്ത്തെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഹെലികോപ്റ്റര്‍ വീണ്ടും വാടകക്കെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി ഓപണ്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഡിസംബര്‍ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ദര്‍ഘാസ് പരിശോധിക്കും. ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്കാണ് വാടകക്ക് എടുക്കുന്നത്. ആറാം തിയ്യതി ഫിസിക്കല്‍ ബിഡ് പേരൂര്‍ക്കട എഫ്സിബി ഗ്രൗണ്ടില്‍ നടക്കും.
നേരത്തെ പവന് ഹാന്‍സ് കമ്പനിയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തിരുന്നത്. വാടകക്കും, ഹെലികോപ്റ്റര്‍ സംരക്ഷണത്തിനുമായുള്ള ചിലവ് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയായിരുന്നു. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 40 ലക്ഷം രൂപ വാടകക്കാണ് പവന് ഹാന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നത്. ഇതിനേക്കാള്‍ കുറഞ്ഞ തുകക്ക് ഹെലികോപ്റ്റര്‍ വാടകക്ക് നല്കാന് പല കമ്പനികളും തയാറായിരുന്നുവെങ്കിലും സര്‍ക്കാര്‍ പവന് ഹാന്‍സ് കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു.
ഈ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.

