കൊച്ചി: പൊതുമരാമത്ത് വകുപ്പിന് നേരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതോടെ ജലവിഭവ വകുപ്പിനെ കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡില്‍ കുഴി കൂടിയതില്‍ ജല അഥോറിറ്റിയാണ് കാരണമെന്നും കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതാണ് കുഴി നിറയാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കുഴി മൂടാത്തതില്‍ കോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മന്ത്രി വ്യക്തമാക്കി. ജല അഥോറിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് കരാറുകാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുറപ്പുവരുത്താനുള്ള സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. മഴ കാരണം റോഡ് അറ്റകുറ്റപ്പണി നടക്കുന്നില്ല എന്ന അവസ്ഥക്ക് മാറ്റം വരും. വര്‍ഷം മുഴുവന്‍ മഴയാണെങ്കിലും റോഡുകള്‍ വേണമല്ലോ എന്ന മന്ത്രി ചൂണ്ടികാട്ടി. ഇതിന് വിദേശ മാതൃകകളടക്കം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച രീതിയില്‍ റോഡ് നിര്‍മ്മിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ രാജിവെച്ച് ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു. മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന റോഡുകളുണ്ടാക്കാനാവില്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അഞ്ചുവര്‍ഷം നിലനില്‍ക്കുന്ന രീതിയിലാണ് റോഡുകള്‍ വേണ്ടതെങ്കിലും ആറുമാസം നന്നായി കിടക്കുകയും ബാക്കി ആറുമാസം തകര്‍ന്നുകിടക്കുകയും ചെയ്യുന്ന വിധത്തിലാണ് റോഡുകളെന്നും കോടതി വിമര്‍ശിച്ചിരുന്നു.

