ചെറുതോണി: ജോജു ജോസഫിന്റെ ചുരുളി എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ പുലിവാലു പിടിച്ച് യഥാർത്ഥ ചുരുളിക്കാർ. ഇടുക്കി ജില്ലയിലെ ചെറുതോണിക്കടുത്താണ് ചുരുളി എന്ന നാട്. സിനിമയിലെ സംഭാഷണങ്ങളിൽ അസഭ്യവാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നെന്നു പ്രചാരണം വന്നതോടെ ചുരുളി എവിടെയെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആളുകൾ തിരച്ചിൽ തുടങ്ങിയെന്നും ഇതുമൂലം മാനക്കേടുണ്ടായെന്നുമാണ് ചുരുളിക്കാർ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഒരു മദ്യശാല പോലുമില്ലാത്ത ഗ്രാമമാണ് ചുരുളിയെന്നാണ് നാട്ടുകാർ പറയുന്നത്.
അറുപതുകളിൽ ചുരുളി കീരിത്തോട്ടിൽ വാസമുറപ്പിച്ച കർഷകരെ കുടിയൊഴിപ്പിക്കാൻ അന്നത്തെ സർക്കാർ ബലപ്രയോഗം നടത്തിയതോടെയാണ് ഈ നാട് ചരിത്രത്തിൽ ഇടംനേടുന്നത്. കീരിത്തോട്ടിലും ചുരുളിയിലും കർഷകർ മർദനങ്ങൾക്ക് ഇരകളായിയിരുന്നു. പിന്നീട് എ.കെ. ഗോപാലൻ, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാൻ, എൻ.എം. ജോൺ, വെല്ലിങ്ടൺ തുടങ്ങിയവർ കീരിത്തോട്ടിലും ചുരുളിയിലും നടത്തിയ സമരം പ്രസിദ്ധമായിരുന്നു. എകെജി ഏറെ നാൾ നിരാഹാരം അനുഷ്ഠിച്ച് കർഷകർക്ക് അനുകൂലമായ തീരുമാനം നേടിയതിന് ശേഷമാണ് ചുരുളിയിലും സമീപഗ്രാമങ്ങളിലും സമാധാന ജീവിതം തിരികെ ലഭിച്ചത്.

