സോണി ലൈവില്‍ പ്രദര്‍ശനം തുടരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’ സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ ചുരുളി യുടെ സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്സി റീജിയണല്‍ ഓഫീസര്‍ വ്യക്തമാക്കി.
ചുരുളി മലയാളം ഫീച്ചര്‍ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്ട്ടിഫിക്കേഷന് റൂള്‍സ് -1983, ഇന്ത്യാ ഗവണ്മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.
ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്. ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വിനോയ് തോമസിന്റെ കഥക്ക് എസ്. ഹരീഷ് ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മാണം.

