തൃശൂർ നഗരത്തിന്റെ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ; സുരേഷ് ഗോപിയ്ക്ക് നന്ദി അറിയിച്ച് മേയർ

തൃശൂർ: സുരേഷ് ഗോപി എംപിയ്ക്ക് നന്ദി അറിയിച്ച് തൃശൂർ മേയർ എം കെ വർഗീസ്. തൃശൂർ നഗരത്തിന്റെ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും സഹായം അനുവദിച്ചതിനാണ് മേയർ സുരേഷ് ഗോപിക്ക് നന്ദിയറിയിച്ചത്. തൃശൂർ നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് സുരേഷ് ഗോപി അനുവദിച്ചത്. തൃശൂർ പൗരാവലിയുടേയും കോർപ്പറേഷന്റെയും പേരിൽ സുരേഷ് ഗോപിയ്ക്ക് നന്ദിയറിയിക്കുന്നതായി മേയർ പറഞ്ഞു.

തൃശൂരിന്റെ സമഗ്ര വികസനത്തിന് ഏറെ വിലമതിക്കുന്നതാണ് ഈ ഫണ്ടെന്നും മേയർ വ്യക്തമാക്കി. തൃശൂർ കോർപ്പറേഷന്റെ സമഗ്ര വികസനത്തിൽ എപ്പോഴും ശ്രദ്ധാലുവായ താങ്കളുടെ സ്‌നേഹത്തിനും പരിഗണനയ്ക്കും ഒരിക്കൽ കൂടി നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്നും മേയർ കൂട്ടിച്ചേർത്തു. ശക്തൻ നഗറിലെ പച്ചക്കറി മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രൊജക്ട് കോർപ്പറേഷൻ തയ്യാറാക്കി സുരേഷ് ഗോപിക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

തൃശൂർ നഗരത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കവെ സുരേഷ് ഗോപി ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജില്ലയ്ക്ക് വേണ്ടി അദ്ദേഹം നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്.