നവംബര്‍ 25നാണ് സുരേഷ് ഗോപി നായകനായ ‘കാവല്‍’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. നിഥിന് രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. നിഥിന്ന്റെ രണ്ടാമത്തെ ചിത്രമാണിത്. തന്റെ രണ്ടാമത്തെ ചിത്രത്തില്‍ സുരേഷ് ഗോപി നായകനായി എത്തുമ്പോള്‍ അത് തനിക്കൊരു വെല്ലുവിളി അല്ലെന്നും പ്രിവിലേജ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യത്തെ സിനിമ മമ്മൂക്കയെ വെച്ച് ചെയ്യാന്‍ കഴിയുമെന്നോ രണ്ടാമത്തെ സിനിമ സുരേഷ് അങ്കിളിനെ വെച്ച് ചെയ്യാന്‍ കഴിയുമെന്നോ സിനിമ മനസില്‍ സ്വപ്നമായി നടന്നു കൊണ്ടിരുന്ന കാലത്ത് പോലും കരുതിയിരുന്നില്ലെന്നും നിഥിന് പറഞ്ഞു. ഇവരില്‍ നിന്ന് തന്നെപ്പോലെ ഒരു തുടക്കക്കാരന് പഠിക്കാന്‍ ഒരുപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി നായകനാകുന്ന ഈ ചിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ റേച്ചല്‍ ഡേവിഡാണ് നായിക. രഞ്ജി പണിക്കര്‍, മുത്തുമണി, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്, ഐ.എം. വിജയന്, അലന്‍സിയര്‍ ലേ ലോപ്പസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം ദൃശ്യവല്‍ക്കരിക്കുന്നത്.

