സയ്യിദ് മുഷ്താഖ് അലി ട്രോഫി; കര്‍ണ്ണാടക ഫൈനലില്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ ഇടം നേടി കര്‍ണ്ണാടക. വിദര്‍ഭയ്‌ക്കെതിരെ നടന്ന സെമി ഫൈനലില്‍ 4 റണ്‍സ് വിജയം ആണ് കര്‍ണ്ണാടക നേടിയത്. ഫൈനലില്‍ തമിഴ്‌നാടിനെയാണ് കര്‍ണ്ണാടക നേരിടേണ്ടത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 176/7 എന്ന സ്‌കോര്‍ നേടിയപ്പോള്‍ വിദര്‍ഭയ്ക്ക് 172 റണ്‍സ് മാത്രമേ നേടാനായുള്ളു. രോഹന്‍ ദമം, മനീഷ് പാണ്ടേ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക തകരുകയായിരുന്നു.

132 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ രോഹന്‍ 56 പന്തില്‍ 87 റണ്‍സും മനീഷ് പാണ്ടേ 42 പന്തില്‍ 54 റണ്‍സും നേടി. അഭിനവ് മനോഹര്‍ 13 പന്തില്‍ 27 റണ്‍സ് നേടിയത് ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നീട് വന്ന കര്‍ണ്ണാടക താരങ്ങളിലാര്‍ക്കും 5ന് മേലെയുള്ള സ്‌കോര്‍ നേടാനായില്ല. വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ടേ 4 വിക്കറ്റും ലളിത് എം യാദവ് 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ താരങ്ങളിലാര്‍ക്കും ലഭിച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ടീമിന് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ അക്ഷയ് കാര്‍ണേവറുടെ(12 പന്തില്‍ 22 റണ്‍സ്) വിക്കറ്റ് ആദ്യ പന്തില്‍ നഷ്ടമായത് ടീമിന്റെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. അപൂര്‍വ വാങ്കഡേ 27 റണ്‍സുമായി പുറത്താകാതെ നിന്നു.