ദുരന്ത സമയങ്ങളിലെ പ്രവർത്തനങ്ങൾ; ഫയർ ഫോഴ്‌സിന്റെ സേവനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫയർ ഫോഴ്‌സിന്റെ സേവനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളിലെ ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങളെയാണ് അദ്ദേഹം അഭിനന്ദിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ ഫയർഫോഴ്സ് സേനയെ സജ്ജമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ നൂതനമായ മാർഗങ്ങൾ തേടണമെന്നും സിവിൽ ഡിഫൻസ് ഫോഴ്സ് പൂർണ തോതിൽ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറ്റാണ്ടിലെ മഹാപ്രളയം, തുടർച്ചയായുണ്ടായ കാലവർഷക്കെടുതികൾ, ഉരുൾപൊട്ടൽ എന്നീ ദുരന്തങ്ങളിലെല്ലാം സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ചവരാണ് കേരള ഫയർഫോഴ്സ്. ഒരു ഘട്ടത്തിൽ വീടുകളിലേക്ക് മരുന്നുകൾ നേരിട്ടെത്തിക്കുന്നതിൽ വരെയും ഫയർഫോഴ്സ് മുന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ സേവനങ്ങൾക്ക് പ്രധാനം ഉയർന്ന നിലവാരമുള്ള മാനവ വിഭവ ശേഷിയാണ്. അഗ്‌നിരക്ഷാ സേനയുടെ ആപ്തവാക്യത്തെ പൂർണമായും പ്രവർത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ടവരാണ് ഫയർഫോഴ്സ്. കേരളത്തിലെ ഫയർഫോഴ്സിന് കഴിഞ്ഞ നാളുകളിൽ അതിന് കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ടുതരത്തിലുള്ള ഇടപെടലുകളാണ് പ്രധാനമായും വേണ്ടത്. ഉയർന്ന നിലവാരമുള്ള മാനവവവിഭവ ശേഷി സർക്കാർ സർവീസിന്റെ ഭാഗമാകുക, രണ്ട്, അവരുടെ സേവനങ്ങൾ കാര്യക്ഷമമയായി നിർവഹിക്കാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാവുക. ഇവയ്ക്ക് രണ്ടുമാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.