കോട്ടയം: സംസ്ഥാനത്ത് മഴ, പ്രളയം എന്നീ സാഹചര്യങ്ങള്‍ തുടരുമ്പോള്‍ അതിവേഗ റെയിലിന്റെ ഘടനയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്ന് സൂചന. തൂണുകളില്‍ ഉറപ്പിക്കും വിധമുള്ള ആകാശപ്പാത കൂടുതല്‍ ദൂരത്തേക്ക് പരിഗണിക്കുമോ എന്നതാണ് അറിയാനുള്ളത്. എന്നാല്‍, അധിക ചിലവ് പരിഗണിച്ച് സംസ്ഥാനം ഇതിനോട് ആദ്യം താല്പര്യം കാണിച്ചിരുന്നില്ല. നീതി ആയോഗ് നേരത്തെ തന്നെ കെ-റെയിലിനോട് ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇരുവശത്തുമായി 800 കിലോമീറ്റര്‍ ഭിത്തി നിര്‍മിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ തൂണുകളില്‍ ഉറപ്പിച്ച ആകാശപ്പാതയാണ് നല്ലതെന്നാണ് നീതി ആയോഗ് അഭിപ്രായപ്പെട്ടിരുന്നത്.
തീവണ്ടിപ്പാത ഉറപ്പിക്കുന്നത് എട്ട് മീറ്റര്‍ പൊക്കമുള്ള പ്രതലത്തിലാണ്. ഇതിന് വെളിയിലായി എട്ട് മീറ്റര്‍ വരെ ഉയരത്തില്‍ സംരക്ഷണ ഭിത്തിയുമുണ്ടാകും. അതിന് മീതെയുള്ള അഞ്ച് മീറ്റര്‍ വരെ പൊക്കമുള്ള സുരക്ഷാഭിത്തിയും ചേര്‍ന്ന് 13 മുതല്‍ 15 വരെ മീറ്റര്‍ പൊക്കത്തിലാണ് നെടുകെ മതില് വരിക. 400 കിലോമീറ്ററില്‍ ഈ മതില് വരുന്നത് വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നാണ് ആശങ്ക. ഓരോ അരക്കിലോമീറ്ററിലും വെള്ളം ഒഴിഞ്ഞുപോകാന്‍ കലുങ്കുകള്‍ ഉണ്ടാകുമെന്നാണ് രൂപരേഖയില്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തില്‍ ഇത് മതിയാകുമോ എന്നാണ് ആശങ്ക. പദ്ധതി കേരളത്തെ വലിയ വെള്ളപ്പൊക്കത്തിലേക്ക് എത്തിക്കുമെന്ന് മീനച്ചിലാര്‍ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന പ്രൊഫ. എസ്. രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
292.7 കിലോമീറ്ററില്‍ സാധാരണ പ്രതലത്തിലൂടെയും 101 കിലോമീറ്ററില്‍ മലയും െചരിവും ഇടിച്ചെടുത്ത പ്രതലത്തിലൂടെയുമാണ് പാളം കടന്നുപോകുന്നത്. കെ-റെയിലിന്റെ ഇപ്പോഴത്തെ തീരുമാനമനുസരിച്ച് തൂണുകളിലെ പാത 88 കിലോമീറ്റര്‍ മാത്രമാണ്. ദക്ഷിണ റെയില്‍വേ നല്കിയ റിപ്പോര്‍ട്ടുകളില്‍ 140 കിലോമീറ്റര്‍ ദൂരത്ത് പാടങ്ങളിലൂടെയാണ് പാത പോകുന്നത്. ഈ സാഹചര്യത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കുമ്പോള്‍ തൂണിലെ ആകാശപ്പാതയുടെ ദൂരം കൂട്ടേണ്ടിവന്നേക്കാമെന്നാണ് സൂചന.

