കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചിരുന്നു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും, എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും മോദി പറഞ്ഞു. കാര്‍ഷിക നിയമത്തില്‍ ഒരു വിഭാഗം കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാഞ്ഞതിനാല്‍ രാജ്യത്തെ കര്‍ഷകരോട് ക്ഷമ ചോദിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.’
2020 സെപ്റ്റംബറിലായിരുന്നു വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്. തെരുവില്‍ അന്തിയുറങ്ങി അനേകായിരം കര്‍ഷകര്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിച്ചത്.

