ന്യൂഡൽഹി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 1962 ലെ ഇന്ത്യ – ചൈന യുദ്ധം നടന്ന കിഴക്കൻ ലഡാക്കിലെ റെസാംഗ് ലായിൽ നവീകരിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 114 ഇന്ത്യൻ സൈനികരാണ് അന്ന് ചൈനയുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ചത്.
മറ്റ് രാജ്യങ്ങളുടെ മണ്ണിൽ കണ്ണ് വയ്ക്കുന്നത് ഇന്ത്യൻ പാരമ്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ദുഷിച്ച കണ്ണ് കൊണ്ട് നോക്കിയിട്ടുള്ള ശത്രുക്കൾക്ക് തക്കതായ മറുപടി ഇന്ത്യൻ സൈനികർ നൽകിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുവാൻ പ്രാപ്തിയുള്ളവരാണ് ഇന്ത്യൻ സൈനികരെന്നും റെസാംഗ് ലായിലെ യൂദ്ധ സ്മാരകം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

