ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്. ഡൽഹി സന്ദർശന വേളയിലാണ് അദ്ദേഹം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായവും പ്രത്യേക പാക്കേജുകളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. കേന്ദ്ര ആരോഗ്യ, രാസവളം മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ, ധനമന്ത്രി നിർമ്മല സീതാരാമൻ, വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ഭക്ഷ്യ സംസ്കരണ മന്ത്രി പശുപതി കുമാർ പരസ് തുടങ്ങിയവരുമായി അദ്ദേഹം സംസാരിച്ചു.
തിരുവനന്തപുരം തോന്നയ്ക്കലിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായം മൻസൂഖ് മാണ്ഡവ്യ ഉറപ്പു നൽകി. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ വകുപ്പ് 25 കോടി സാമ്പത്തിക സഹായം നൽകുന്നതിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി റിപ്പോർട്ട് കേന്ദ്രസർക്കാരിന് നേരത്തെ തന്നെ നൽകിയിരുന്നു. തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിൽ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകുന്ന മുൻഗണന, സംസ്ഥാന സർക്കാരിന്റെ മരുന്നു നിർമ്മാണ കമ്പനിയായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി.) കൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം ജില്ലയിൽ അമ്പലമുഗളിലെ പെട്രോ കെമിക്കൽ പാർക്കിന് പി രാജീവ് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു.
കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ട്രേഡ് സെന്ററിന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പിന്തുണ വാഗ്ദാനം ചെയ്തു. ലോജിസ്റ്റിക് പാർക്കിനെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ അവിടെ വെച്ച് തന്നെ ചുമതലപ്പെടുത്തി. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിന്റെ റാങ്ക് നിശ്ചയിക്കുന്നതിലെ അപാകം ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിന്റെ അഭിപ്രായം പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചുവെന്നും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച് ആവശ്യമായ പഠനം നടത്തേണ്ടതുണ്ടെന്ന കാര്യം അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു.
ആത്മ നിർഭർ ഭാരത് അഭിയാൻ പദ്ധതിയിൽ കേരളത്തിലെ എം എസ് എം ഇകൾക്ക് കൂടി ഉപയോഗപ്രദമായ രീതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ആവശ്യപ്പെട്ടു, 2018 ലെ പ്രളയം കൂടി കണക്കിലെടുത്ത് ഒരു വർഷത്തെ ഇളവ് കേരളത്തിലെ സ്ഥാപനങ്ങൾക്ക് നൽകണമെന്ന ആവശ്യം പരിശോധിക്കാമെന്ന് പറഞ്ഞു. പ്രതിസന്ധി നേരിടുന്ന കശുവണ്ടി വ്യവസായത്തിന് സഹായകരമായി പ്രത്യേക പാക്കേജ് നൽകണമെന്നും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

