ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി; ഒരു വര്‍ഷം മൂന്നു തവണ ഷട്ടറുകള്‍ തുറക്കുന്നത് ചരിത്രത്തിലാദ്യം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ഇടുക്കി ഡാം ഷട്ടറും ഉയര്‍ത്തി. ഒരു ഷട്ടറാണ് 40 സെ.മീ ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മീ രാവിലെ എട്ട് മണിയോടെ ഉയര്‍ത്തിയിരുന്നു. ചരിത്രത്തിലാദ്യമാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരു വര്‍ഷത്തില്‍ മൂന്നു തവണ തുറക്കുന്നത്. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 772 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടുത്തവും നിരോധിച്ചിട്ടുണ്ട്. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം ചിത്രീകരണം നടത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രിയോടെ തുറന്നിരുന്നു. സെക്കന്‍ഡില്‍ 10,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. ഇന്നലെ വൈകുന്നേരം മലയോരമേഖലയില്‍ പെയ്ത ശക്തമായ മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 15 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. ഇന്നലെ വൈകുന്നേരം 140.65 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. പുലര്‍ച്ചെ 5.30 ന് ഇത് 141 അടിയിലെത്തി. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.