മോഡലുകളുടെ മരണം: ഹോട്ടലില്‍ വെച്ച് തര്‍ക്കം ഉണ്ടായതായി ദൃശ്യങ്ങള്‍; ദുരൂഹത സംശയിച്ച് അന്വേഷണ സംഘം

കൊച്ചിയില്‍ മോഡലുകളുടെ ദുരൂഹ മരണത്തില്‍ ഹോട്ടലില്‍ വെച്ച് മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ലഭ്യമായ ദൃശ്യങ്ങള്‍ വെച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് റദ്ദാക്കി. നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയതിനാലാണെന്നാണ് എക്സൈസ് നല്‍കുന്ന വിശദീകരണം.

ഡി.ജെ പാര്‍ട്ടിയില്‍ ഏകദേശം 20 പേര്‍ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ മറച്ച് വെക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിലെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയ് ടെക്നീഷ്യന്റെ സഹായം തേടിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വെച്ച് വാക്കു തര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ പറഞ്ഞിരുന്നു. മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പോലീസിന്റെ നിഗമനം. ഹോട്ടലില്‍ തര്‍ക്കമുണ്ടായപ്പോള്‍ റോയിയും സ്ഥലത്തുണ്ടായിരുന്നു. ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളിലെ ബില്‍ ബുക്ക് പരിശോധിക്കൊനൊരുങ്ങുകയാണ് പോലീസ്.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകള്‍ ഇവരെ പിന്തുടര്‍ന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.