26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ; ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ നടക്കും. ഫെബ്രുവരി നാല് മുതൽ 11 വരെ തിരുവനന്തപുരത്ത് വച്ചാണ് മേള നടക്കുക. നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി നാലിന് വൈകിട്ട് 6 മണിക്ക് മേളയുടെ ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

2021 ഡിസംബറിലാണ് ചലച്ചിത്ര മേള നടക്കാനിരുന്നത്. ഇതാണ് 2022 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഐഎഫ്എഫ്കെയുടെ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയും 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും തിരുവനന്തപുരത്ത് നടക്കും.

കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷൻ 2022 ഫെബ്രുവരി 4 മുതൽ 11 വരെയാണ് നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി 4 ന് വൈകീട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽപ്പോലും IFFK മുടക്കമില്ലാതെ നടത്താൻ നമുക്ക് കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നിൽക്കുന്ന IFFKയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ മാസം നടത്താൻ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ് എൽ തിയേറ്റർ കോംപ്‌ളക്‌സിലെ നാല് സ്‌ക്രീനുകളിൽ നടക്കും. മേളയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1ൽ ഡിസംബർ 9 ന് നിർവഹിക്കും. സർക്കാർ നിർദേശങ്ങൾക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും മേളകൾ സംഘടിപ്പിക്കുക.