കൊച്ചി: ഇനി കള്ളന്മാരെ പേടിക്കാതെ കഴിയാൻ ഡബിൾ പ്രൊട്ടക്ഷനുമായി ഗോദ്‌റേജ് പൂട്ട്. ലിബർട്ടി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി ചേർന്നാണ് ഉപഭോക്താക്കൾക്കായി ഗോദ്‌റേജ് പൂട്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ ഇൻഷുറൻസ് പരിരക്ഷയാണ് ഉപഭോക്താക്കൾക്കായി കമ്പനി നൽകുന്നത്.
ഗോദ്‌റേജ് ലോക്കുകൾ വാങ്ങുന്നവരുടെ ആസ്തികൾക്ക് 1280 കോടി രൂപവരെ പരിരക്ഷ നൽകുന്നതാണ് പദ്ധതി. ഗോദറേജിന്റെ അതീവ സുരക്ഷാ സംവിധാനമുള്ള ഡിജിറ്റൽ ഡോർ ലോക്ക്‌സ് ശ്രേണിയായ അഡ്വാൻറിസ്, പുതിയതായി വിപണിയിലിറങ്ങിയതും പൂർണമായി ഇന്ത്യയിൽ രൂപകല്പന ചെയ്ത് നിർമ്മിക്കുന്നതുമായ സ്‌പേസ്‌ടെക് പ്രോ എന്നീ ലോക്കുകളും പെന്റബോൾട്ട് ഏരീസ്, പെന്റബോൾട്ട് ഇഎക്‌സ്എസ്+, അൽട്രിക്‌സ് & ആസ്‌ട്രോ എന്നിവ വാങ്ങുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്.
ലോക്കിന്റെ പാക്കറ്റിലുള്ള ക്യുആർകോഡ് സ്‌കാൻ ചെയ്ത്, ജിഎസ്ടിയോട് കൂടിയ ഇൻവോയ്‌സ് സമർപ്പിച്ചാണ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകേണ്ടത്. രജിസ്റ്റർ ചെയ്യുന്ന തിയതി മുതൽ ഒരു വർഷമാണ് ഇൻഷുറൻസ് കാലാവധി. ലോക്കിന്റെ പരമാവധി ചില്ലറ വിൽപന വില (എംആർപി)യുടെ 20 മടങ്ങായിരിക്കും ഇൻഷുറൻസ് പരിരക്ഷ. വീട്ടിൽ ഭവന ഭേദനമോ മോഷണമോ നടക്കുകയും ലോക്ക് തകർക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ എഫ്‌ഐആറിന്റെ പകർപ്പോടുകൂടി ഇൻഷുറൻസ് ക്ലെയിം ചെയ്യാമെന്ന് ഗോദ്‌റേജ് അറിയിച്ചു. ആഭരണങ്ങൾക്കും ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഉപഭോക്താക്കളുടെ ആശങ്കയും അരക്ഷിതാവസ്ഥയും കുറയ്ക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

