തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടായിരത്തോളം റേഷന്‍കടകളില്‍ എ.ടി.എമ്മുകള്‍ വരുന്നു. വാണിജ്യബാങ്കുകളുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കാന്‍ പോകുന്നത്. ഇതോടൊപ്പം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പദ്ധതികള്‍ ഉദ്ഘാടനംചെയ്യും.
പഞ്ചായത്തില്‍ ഒന്ന് എന്ന നിലയിലായിരിക്കും ആരംഭം. നഗരസഭാ മേഖലയില്‍ രണ്ടില്‍ കൂടുതലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന. റേഷന്‍ കടകളോട് ചേര്‍ന്ന് അക്ഷയ മാതൃകയിലുള്ള കേന്ദ്രങ്ങളും ആരംഭിക്കും. കശുവണ്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കൈവിരല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തില്‍ പതിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തില്‍ തിരിച്ചറിയലിന് കണ്ണിന്റെ കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന സംവിധാനവും നടപ്പാക്കുമെന്നും അറിയിച്ചു .
സ്മാര്‍ട്ട് റേഷന്‍കാര്‍ഡുകള്‍ക്ക് പുറകെ എ.ടി.എം. ചിപ്പ് ഘടിപ്പിച്ച റേഷന്‍കാര്‍ഡുകള്‍ വിതരണംചെയ്യുന്നതും പരിഗണനയിലാണ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും ബാങ്കുകളുമായും ചേര്‍ന്ന് ഇതിന്റെ ചര്‍ച്ചകള്‍ നടന്നിരുന്നു. കാര്‍ഡില്‍ 5000 രൂപവരെ നിക്ഷേപിക്കാനും കാര്‍ഡുടമകള്‍ക്ക് എ.ടി.എം. വഴി പണം പിന്‍വലിക്കാനുമുള്ള അവസരമൊരുക്കുന്നതാണ് ഈ പദ്ധതി. കൂടാതെ, പരാതികളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ എല്ലാ റേഷന്‍ കടകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. എല്ലാ സൗകര്യങ്ങളും വേഗത്തില്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി.

