ദുബായ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും. ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂറാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്സിനുകൾക്ക് യുഎഇയും അംഗീകാരം നൽകുന്നതായി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് യുഎഇയും അറിയിച്ചിട്ടുണ്ട്. വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ദുബായ് എക്സ്പോ വേദിയിലെ ഇന്ത്യൻ പവിലിയനിൽ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കവെയാണ് പവൻ കപൂർ ഇക്കാര്യങ്ങൾ വിശദമാക്കിയത്.
സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ വെളിപ്പെടുത്തി. എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആ സാഹചര്യം മാറി സാധാരണ നിലയിലുള്ള സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

