‘എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ നല്‍കിയാല്‍ മതി’ യെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എ.എന്‍ ഷംസീര്‍ എംഎല്‍എ

തിരുവനന്തപുരം: എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രം നല്‍കിയാല്‍ മതിയെന്ന നിയമസഭയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് എ എന്‍ ഷംസീര്‍ എംഎല്‍എ എ.എന്‍ ഷംസീര്‍ രംഗത്ത്. വ്യാജവൈദ്യത്തിനെതിരായുള്ള നിയമ നിര്‍മാണ അവതരണ വേളയിലാണ് ഷംസീര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പീടിയാട്രിക്‌സ് ചികിത്സ നല്‍കുന്നു എന്നും ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയണമെന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്. നിയമസഭയിലെ ഷംസീറിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

‘എംബിബിഎസ് ബിരുദം നേടിയ ചിലര്‍ പിജിയുണ്ട് എന്ന വ്യാജേന കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ ചികിത്സ നടത്തുന്നുണ്ടെന്ന കാര്യമാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന് ഷംസീര്‍ വിശദീകരണ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. മെഡിക്കല്‍ പ്രാക്ടീഷണര്‍ ബില്ലിലൂടെ പിജിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തുന്നവരെ തടയണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എ.എന്‍ ഷംസീര്‍ പറയുന്നു. എന്നാല്‍, താന്‍ മനസില്‍ കരുതാത്ത കാര്യമാണ് നാവില്‍ വന്നതെന്നും, അത് എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് വേദനയുളവാക്കിയതായി മനസിലാക്കുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞു. ഈ പശ്ചാത്തലത്തില്‍ തന്റെ ഉദ്ദേശശുദ്ധി എംബിബിഎസ് ഡോക്ടര്‍മാര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ഷംസീര്‍ പറഞ്ഞു.

ഷംസീറിനെതിരെ ഡോക്ടര്‍മാരും ഐഎംഎ ഉള്‍പ്പടെയുള്ള സംഘടനകളും രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.