പ്രളയമുന്നൊരുക്കത്തിലും നിയന്ത്രണത്തിലും വീഴ്ച ഉണ്ടായി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രളയമുന്നൊരുക്കത്തിലും നിയന്ത്രണത്തിലും സർക്കാരിന് വീഴ്ച ഉണ്ടായെന്ന സി എ ജി വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് വി ഡി സതീശന്റെ വിമർശനം. ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടാനിടയാക്കിയ സംഭവത്തിൽ സർക്കാരിന് പങ്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സി എ ജിക്ക് സർക്കാർ കൊടുത്ത റിപ്പോർട്ടിൽ ഡാം മാനേജ്‌മെന്റിൽ പരാജയമുണ്ടായെന്ന് സമ്മതിക്കുകയാണ്. പക്ഷേ നിയമസഭയ്ക്കകത്തും പുറത്തും ഡാം മാനേജ്‌മെന്റിലെ കുഴപ്പമല്ല പ്രളയത്തിന് കാരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡാം മാനേജ്‌മെന്റിന്റെ എ ബി സി ഡി പോലുമറിയാത്തവരാണ് വിഷയം കൈകാര്യം ചെയ്ത് വഷളാക്കിയത്. ഇത്തരം തെറ്റുകൾ ഒരുകാരണവശാലും ആവർത്തിക്കാൻ പാടില്ല. അതിനായി ഒരു അന്വേഷണം നടത്തി കുറ്റക്കാരായ ആൾക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടതാണ്. എന്നാൽ കുറ്റക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം രൂക്ഷമായ കടക്കെണിയിലേക്ക് വീണ്ടും താഴുകയാണെന്നും വാങ്ങിയ കടത്തിന്റെ പലിശ അടയ്ക്കാൻ പോലും കടം വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇങ്ങനെയുള്ള അവസരത്തിലാണ് കേന്ദ്രം പണം തന്നില്ലെങ്കിലും സിൽവർ ലൈൻ ഞങ്ങൾ നടപ്പാക്കുമെന്ന വാശിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സിൽവർ ലൈനിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാൻ സർക്കാർ തയ്യാറല്ല. പിണറായി സർക്കാരിനുള്ളത് തീവ്ര വലതുപക്ഷ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.

മുല്ലപ്പെരിയാർ മരംമുറി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെയാണ് മരം മുറിക്കാനുള്ള തീരുമാനം എടുത്തത്. തങ്ങൾക്കൊന്നും അറിയില്ലെന്ന് രണ്ട് മന്ത്രിമാർ വിലപിക്കുകയാണ്. അവരുടെ വിലാപത്തെക്കാൾ ഭീകരമാണ് മുഖ്യമന്ത്രിയുടെ മൗനം. വിലകുറഞ്ഞ പരാമർശങ്ങൾ നടത്തുന്നതിന് കേരളത്തിൽ ഒന്നാം സമ്മാനം കൊടുക്കേണ്ടത് വിജയരാഘവനാണെന്നും അദ്ദേഹം പറഞ്ഞു.