പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച; സിഎജി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. സിഎജി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിഎഇി റിപ്പോർട്ടിൽ ഗുരുതര പാളിച്ചകളും വീഴ്ച്ചകളുമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിൽ റൂൾ കർവ് ഉണ്ടായിരുന്നില്ല. ഫ്ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തൽസമയ ഡേറ്റ ലഭിക്കാൻ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സർക്കാർ ഓഫിസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

1983 രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തിട്ടില്ല. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയെന്നും ഇത് 2018 ലെ പ്രളയത്തിൽ നാശ നഷ്ടങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ വിശദമാക്കിയിരിക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം ഉണ്ടായില്ല. ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള കനാൽ ഉണ്ടായിരുന്നില്ല. തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ്ങ് ചാനൽ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല. സ്പിൽവെ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവെ ശേഷി കുറച്ചു. 2018 ലെ ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2021 ഏപ്രിൽ വരെയുള്ള കണക്കുകൾ അനുസരിച്ച് 2018 പ്രളയത്തെ തുടർന്നുള്ള അറ്റകുറ്റപണികൾ 18 ശതമാനം മാത്രമാണ് പൂർത്തിയായതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.