പത്തനംതിട്ട: ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളോടെയുള്ള തീര്‍ത്ഥാടനത്തെ വിമര്‍ശിച്ച് പന്തളം കൊട്ടാരം. ശക്തമായ നിയന്ത്രണങ്ങള്‍ വഴി പരമ്പരാഗത രീതിയിലുള്ള ആചാരങ്ങള്‍ മുടക്കുന്നത് സര്‍ക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്നാണ് ആരോപണം. ശബരിമലയില്‍ നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനങ്ങളുമായി പന്തളം കൊട്ടാരം രംഗത്തെത്തിയത്.
കാനന പാതയിലൂടെയുള്ള യാത്ര, നെയ് അഭിഷേകം, ഭക്തര്‍ക്ക് സന്നിധാനത്ത് വിരിവെക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങുകള്‍ തുടങ്ങി ശബരിമലയില്‍ നടത്തി വന്നിരുന്ന ആചാരങ്ങള്‍ക്കെല്ലാം ഇത്തവണ അനുമതി നല്‍കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പന്തളം കൊട്ടാര നിര്‍വാഹക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭക്തരുടെ എണ്ണം കൂട്ടിയതൊഴിച്ചാല്‍ കഴിഞ്ഞ തവണത്തേത് പോലെ തന്നെയാണ് ഇത്തവണയും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം. സ്കൂളുകളും ബാറുകളുമടക്കം തുറന്നിട്ടും ശബരിമലയില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുന്നതാണ് കൊട്ടാരത്തെ ചൊടിപ്പിക്കുന്നത്. തിരുവാഭരണ ദര്‍ശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങള്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിര്‍വാഹക സമിതി.
വെര്‍ച്വല്‍ ക്യൂ സംവിധാനത്തിനെതിരെ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരും രംഗത്തുവന്നിരുന്നു. നിയന്ത്രണങ്ങള്‍ ശബരിമലയുടെ വരുമാനത്തെ ബാധിക്കുന്നുണ്ട്. ശബരിമലയിലെ വരുമാനമാണ് ദേവസ്വം ബോര്‍ഡിനെ നിലനിര്‍ത്തുന്നത്. ശബരിമലയിലെ വരുമാനത്തില്‍ കോട്ടം പറ്റിയാല്‍ ദേവസ്വം ബോര്‍ഡിനെ മുഴുവന്‍ ബാധിക്കുമെന്നും തന്ത്രി പറഞ്ഞു

