തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് വ്യാഴാഴ്ച്ച നടക്കും. ആറാട്ടിന് മുന്നോടിയായുള്ള പള്ളിവേട്ട പത്മനാഭ ക്ഷേത്രത്തിൽ ആരംഭിച്ചു. സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേട്ടക്കാവിൽ ഇലഞ്ഞിക്കു ചുവട്ടിലെ കരിക്കിൽ പ്രതീകാത്മകമായി അമ്പെയ്താണ് പള്ളിവേട്ട ആരംഭിച്ചത്. ക്ഷേത്രംസ്ഥാനി മൂലം തിരുനാൾ രാമവർമ്മ രാത്രി എട്ടരയോടെയാണ് പള്ളിവേട്ട നടത്തിയത്.
ഉത്സവ ശീവേലിക്ക് ശേഷം രാജകുടുംബസ്ഥാനി ക്ഷേത്രത്തിൽ നിന്നും ഉടവാളുമായി പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. തുടർന്ന് ശ്രീ പദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണഗരുഡവാഹനത്തിലും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും വെള്ളി ഗരുഡവാഹനത്തിലും എഴുന്നള്ളിച്ചു. വാദ്യമേളങ്ങളില്ലാതെ നിശബ്ദ ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തി. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി അമ്പും വില്ലും ആവാഹനം കഴിച്ച് രാമവർമ്മക്ക് കൈമാറി. തുടർന്നായിരുന്നു പള്ളിവേട്ട നടന്നത്. വ്യാഴാഴ്ച്ച പുലർച്ചെ കറവപ്പശുവിനെയും കുട്ടിയെയും മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനം നടത്തും.
ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീ പദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കും. ഇവയ്‌ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. തുടർന്ന് ഘോഷയാത്ര ശംഖുമുഖത്തേക്ക് പുറപ്പെടും. വള്ളക്കടവിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനകത്ത് കൂടി ശംഖുമുഖത്തെത്തി കൽമണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പൂജകൾക്ക് ശേഷം സമുദ്രത്തിലാറാടിക്കും. ആറാട്ടു കഴിഞ്ഞ് എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ എത്തുന്നതോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.
ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളം അഞ്ചു മണിക്കൂർ അടച്ചിടും. കേരള പൊലീസിന്റെയും ഇന്ത്യൻ പട്ടാളത്തിന്റെയും നായർ പടയാളികളുടെയും വാളേന്തിയ തിരുവിതാംകൂർ രാജകുടുംബ അംഗങ്ങളുടെയും അകമ്പടി ഘോഷയാത്രയ്ക്ക് ഉണ്ടാകും. അതേസമയം ഘോഷയാത്രയ്ക്ക് അദാനി ഗ്രൂപ്പ് സ്വീകരണം നൽകും. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചായിരിക്കണം ആറാട്ട് നടത്തേണ്ടതെന്ന് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

