കെഎസ്ആര്‍ടിസിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍ക്കരണം നടപ്പാക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍ക്കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയില്‍ അറിയിച്ചു. ഇലക്ട്രിക്ക് ബസുകള്‍ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടമാണ്. ബസുകള്‍ പാട്ടത്തിനെടുക്കുന്ന കരാര്‍ പുതുക്കി, സിഎന്‍ജി ബസുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 310 സി എന്‍ ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാന്‍ ടെന്റര്‍ നടപടി പുരോഗമിക്കുകയാണെന്നും, ടൂറിസം തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ ബസ് ഡിപ്പോകള്‍ നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല കെഎസ്ആര്‍ടിസിയുള്ളത്. ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ ഉള്‍പ്പടെ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വ്വീസിനായി 200 ബസുകള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

അതേസമയം, ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും വ്യത്യസ്തമായ പ്രതിഷേധവുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്.