മുല്ലപ്പെരിയാർ ബേബി ഡാമിൽ മരം മുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടുതന്നെ; കെ മുരളീധരൻ

കണ്ണൂർ: മുല്ലപ്പെരിയാർ ബേബി ഡാമിൽ മരം മുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടുതന്നെയാണെന്ന് കെ മുരളീധരൻ എംപി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്നും ഒരിക്കലും മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയാതെ ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടിക്ക് തുനിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു തമിഴ്നാട് മന്ത്രി കേരളവുമായി തങ്ങൾക്ക് സംഘർഷത്തിനു താത്പര്യമില്ലെന്ന് പറയുന്നത് ആദ്യമായാണ്. കേരളത്തിന്റെ വാദങ്ങൾ പൊളിക്കുന്നനിലയിലാണ് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെന്നും ഇതിനുപിന്നിൽ ഒത്തുകളിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം നൽകേണ്ടത്. അതിനുവേണ്ടി സംസ്ഥാനത്തിന്റെ അവകാശങ്ങൾ അടിയറവ് വയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോജു ജോർജുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ജോജു ജോർജ് പങ്കെടുന്ന ഷൂട്ടിങ് സ്ഥലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിന് കോൺഗ്രസ് ഉത്തരവാദിയല്ല. ആ നടനെ കണ്ടാൽ ആർക്കെങ്കിലും പ്രകോപനമുണ്ടായാൽ തങ്ങളോട് ചോദിക്കരുതെന്നും എന്നാൽ സിനിമാ ചിത്രീകരണങ്ങൾക്കും താരങ്ങൾക്കും കോൺഗ്രസ് എതിരല്ലെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി പുനഃസംഘടനയിൽ കെപിസിസി പ്രസിഡന്റിനൊപ്പമാണ് താനെന്നും തന്റെ നിലപാടുകൾ നേതൃത്വത്തെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.