കൊച്ചി: സംസ്ഥാനത്ത് 175 പുതിയ മദ്യവില്പനശാലകള് കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബെവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വാക്ക് ഇന്‍ മദ്യവില്പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദ്ദേശവും സജീവ പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ നിരവധി മദ്യവില്പനശാലകളില് വാക് ഇന്‍ സൗകര്യമുണ്ടെങ്കിലും കോരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്പനശാലയെന്ന കണക്കാണ് ഇപ്പോഴുള്ളത്. മറ്റു സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ ഇത് കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, പൊതുജനങ്ങള്‍ക്ക് ശല്യമാവാത്ത രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും, അവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങി തിരികെ പോകാന്‍ കഴിയുന്ന തരത്തില്‍ വാക്കിങ് ഷോപ്പ് സംവിധാനം തുടങ്ങുന്നത് സംബന്ധിച്ച് നിലപാടറിക്കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ബെവ്കോ ഔട്ലെറ്റുകള് പരിഷ്ക്കരിക്കുന്നതില്‍ നയപരമായ മാറ്റം അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു.

