മുല്ലപ്പെരിയാര്‍; ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണെന്ന് കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേരളം. നിലവിലെ പ്രതിസന്ധിക്ക് പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്ന് കേരളം ചൂണ്ടിക്കാട്ടി. തമിഴ്‌നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോഴാണ് സംഭവത്തില്‍ വിശദമായ മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേരളത്തോട് നിര്‍ദ്ദേശിച്ചത്. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു.

അശ്രദ്ധമായി അണക്കെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്റെ റൂള്‍കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. കേസ് മറ്റന്നാള്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.