തിരുവനന്തപുരം: പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാകുമെന്നും, കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും സിപിഎം സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന്. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്ചയില്‍ സിപിഎം ന്റെ പരസ്യ ശാസന ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജി.സുധാകരന് രംഗത്തെത്തിയത്.
അന്വേഷണ കമ്മീഷന് കാര്യങ്ങള്‍ അടഞ്ഞ അധ്യായമാണ്. ഇനി അതേക്കുറിച്ച് പറയാനില്ല. ആലപ്പുഴ ജില്ലയില്‍ കാര്യമായ സംഘടനാ പ്രശ്നങ്ങളില്ലെന്നും സുധാകരന് പറഞ്ഞു. അറിവില്ലാത്തവരും തെറ്റായി ചിന്തിക്കുന്നവരും അഴിമതിക്കാരും എല്ലാമടങ്ങുന്ന സമൂഹമാണിത്. അതിന്റെ തുടര്ട്ടകള് പലയിടത്തും കാണും. അത്തരക്കാരെ ഗൗനിക്കേണ്ടതില്ല. പാര്‍ട്ടി കൂടെയുള്ളതിനാല്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിച്ച മണ്ഡലമായ അമ്പലപ്പുഴയില്‍ എച്ച് സലാം ഉന്നയിച്ച പരാതികള്‍ ശരിയാണെന്ന് പാര്‍ട്ടി കമ്മീഷനും കണ്ടെത്തിയതോടെയാണ് സുധാകരനെതിരെ നടപടിയുണ്ടായത്. എളമരം കരീമും, കെ ജെ തോമസും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷന് സെപ്റ്റംബറിലാണ് റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റില്‍ സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തക്ക രീതിയില്‍ പ്രവര്‍ത്തിച്ചില്ല, സഹായ സഹകരണങ്ങള്‍ നല്‍കിയില്ല തുടങ്ങിയ കണ്ടെത്തലുകളാണ് സുധാകരന് എതിരെയുണ്ടായിരുന്നത്.

