നിയമസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കോൺഗ്രസ്

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. അടുത്തിടെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായത് കോൺഗ്രസിന്റെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഇന്ധന വിലക്കയറ്റമുൾപ്പടെ തങ്ങളുയർത്തിയ പ്രശ്‌നങ്ങൾ ജനങ്ങൾ ഏറ്റെടുത്തു എന്നതിന് തെളിവാണ് കോൺഗ്രസ് നേടിയ വിജയങ്ങളെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ തന്നെ മുന്നോട്ട് പോയാൽ ഉത്തർപ്രദേശിൽ വിജയം നേടാമെന്നും കോൺഗ്രസ് വിലയിരുത്തുന്നു.

ഉത്തർപ്രദേശിൽ അധികാരം പിടിച്ചാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ഇന്ധന വിലക്കയറ്റം തന്നെയാണ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് ആയുധമാക്കുന്ന പ്രധാന ആയുധം. നികുതിയിൽ കുറവു വരുത്തിയ കേന്ദ്രത്തിന്റെ നടപടി ജനങ്ങളെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. വിലകുറച്ചെന്ന് കേന്ദ്രം പറയുമ്പോഴും പെട്രോളിനും ഡീസലിനും ഇപ്പോഴും നൂറിനടുത്ത് തന്നെയാണെന്നതും കേന്ദ്രത്തിന്റെ നടപടി നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാൻ ഉതകുന്നതല്ലെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വില കുറയ്ക്കാൻ കേന്ദ്രം തയ്യാറാകാത്തതതും കോൺഗ്രസ് ഉയർത്തിക്കാട്ടും.

അതേസമയം ഒരു സ്ത്രീയെന്ന നിലയിൽ സ്ത്രീ വോട്ടർമാർക്കിടയിൽ പരമാവധി ചലനമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പ്രിയങ്കാഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അടുത്തിടെ ഗോരഖ്പൂരിൽ പാർട്ടി നടത്തിയ റാലിയിലെ സ്ത്രീ പങ്കാളിത്തം പ്രിയങ്കാ ഗാന്ധിയുടെ ശ്രമങ്ങൾ ഏറക്കുറെ വിജയിച്ചു എന്നതിന് തെളിവാണ്. താനൊരു സ്ത്രീ, തനിക്കും പോരാടാൻ കഴിയും’ എന്ന മുദ്രാവാക്യമാണ് പ്രിയങ്ക മുന്നോട്ട് വെയ്ക്കുന്നത്. സ്ത്രീകൾക്ക് വേണ്ടി നിരവധി വാഗ്ദ്ധാനങ്ങളും പ്രിയങ്ക നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ മറ്റൊരു പാർട്ടിയും ഇത്തരത്തിൽ വാഗ്ദ്ധാനങ്ങൾ നൽകിയിട്ടില്ല.

അതേസമയം പ്രിയങ്കയുടെ നീക്കങ്ങൾക്ക് തടയിടാൻ യോഗി ആദിത്യനാഥും ശ്രമിക്കുന്നുണ്ട്. കേരളത്തിൽ പിണറായി സർക്കാരിന് തുടർ ഭരണം കിട്ടാൻ സഹായിച്ചതിൽ പ്രധാന ഘടകം സൗജന്യ കിറ്റുവിതരണമാണ്. അതേ തന്ത്രം പയറ്റാനാണ് യോഗി ആദിത്‌നാഥ് പദ്ധതിയിടുന്നത്. കോവിഡ് കാലത്ത് കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി തുടരുമെന്ന് യു പി സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനം കേരളാ മോഡൽ നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് വിവരം.