കെഎസ്ആര്‍ടിസി സമരം; ആദ്യദിനത്തില്‍ നഷ്ടം ഒന്നരക്കോടി രൂപ; ശമ്പളത്തിന് വേണ്ടത് 2.8 കോടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിന്റെ ആദ്യദിനത്തില്‍ ഉണ്ടായ ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപയാണ്‌. 4,42,63,043 രൂപയാണ് നാലാം തീയതിയിലെ വരുമാനം. 3,307 സര്‍വീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടി വരുന്നത് 2.8 കോടി രൂപയാണ്. ഇന്ധനചെലവ് കഴിച്ചുള്ള തുകയാണ് ഒരു ദിവസത്തെ വരുമാന നഷ്ടമായ ഒന്നരക്കോടി. ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.

പണിമുടക്കിയ തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി ഡയസ്‌നോണ്‍ ബാധകമാകുമെന്നാണ് എംഡിയുടെ സര്‍ക്കുലര്‍. ഇന്നലെ എല്ലാ യൂണിയനുകളും പണിമുടക്കി. ഇന്ന് സിപിഐ, കോണ്‍ഗ്രസ് യൂണിയനുകളാണ് പണിമുടക്കുന്നത്. ഇന്നലെ ഒരു ബസും സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് പരമാവധി സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം രാത്രിയേ അറിയാന്‍ കഴിയൂ. ഇന്ന് ഏകദേശം ഒരു കോടി രൂപയുടെ വരുമാന നഷ്ടമാണ് കെഎസ്ആര്‍ടിസി കണക്കാക്കുന്നത്.

കോവിഡിനെത്തുടര്‍ന്ന് 2020 മാര്‍ച്ച് മാസം മുതല്‍ പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിലാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് ഒരു മാസം ശമ്പളം നല്‍കാന്‍ തന്നെ 84 കോടി രൂപ ആവശ്യമാണ്. 1500 രൂപ ഇടക്കാല ആശ്വാസവും ഇതില്‍പ്പെടുന്നു.

സാമ്പത്തികമായി ഇതിനോടകം തകര്‍ന്ന സ്ഥാപനത്തിനു പണിമുടക്കുകള്‍ തിരിച്ചടിയാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്‍സോര്‍ഷ്യം വായ്പയായി 3,163.63 കോടി രൂപയും ജീവനക്കാര്‍ക്കു നല്‍കാനുള്ള കുടിശികയായി 212.54 കോടി രൂപയും വിവിധ കമ്പനികള്‍, കരാറുകാര്‍, എണ്ണക്കമ്പനികള്‍ തുടങ്ങിയവയ്ക്ക് 639.96 കോടി രൂപയും സര്‍ക്കാര്‍ വായ്പയായി 6,496.13 കോടി രൂപയും ഉള്‍പ്പെടെ സ്ഥാപനത്തിന്റെ കടം 10,512.26 കോടി രൂപയാണ്.