മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടുത്തം; പത്ത് പേർ വെന്തു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടുത്തം. അഹമ്മദ് നഗറിലെ സിവിൽ ഹോസ്പിറ്റലിലെ കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. തീപിടുത്തത്തിൽ പത്ത് പേർ വെന്തു മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മരണപ്പെട്ടവരെല്ലാം രോഗികളാണെന്നാണ് റിപ്പോർട്ട്.

തീപ്പിടിത്തത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു, 17 പേരാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. വാർഡിലെ മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ ഡോ. രാജേന്ദ്ര ഭോസ്ലെ വ്യക്തമാക്കി. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.