തിരുവനന്തപുരം: മരയ്ക്കാർ സിനിമ തിയറ്ററിൽ റിലീസ് നടത്താനുള്ള എല്ലാ ശ്രമങ്ങളും തേടിയിരുന്നുവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ റിലീസിംഗ് പ്രതിസന്ധി സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തിയിരുന്നെന്നും തിയറ്റർ ഉടമകളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിയറ്റർ ഉടമകളോ സംഘടനയോ താനുമായി ഒരു ചർച്ച പോലും നടത്താൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പ്രാവശ്യം തിയറ്റർ തുറന്ന സമയത്ത് തിയറ്ററിൽ തന്നെ മരയ്ക്കാർ റിലീസ് ചെയ്യണമെന്നാണ് ആശീർവാദ് സിനിമാസ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് തീയറ്റർ സംഘടനയുമായി ചർച്ച നടത്തുകയും ചെയ്തു. അന്ന് വളരെയധികം സപ്പോർട്ടാണ് അവർ തന്നതെന്നും ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എല്ലാ തിയറ്ററിൽ നിന്നും എഗ്രിമെന്റ് വാങ്ങിയാൽ മാത്രമേ സഹായിക്കാൻ കഴിയൂ എന്നവർ പറഞ്ഞതിനെ തുടർന്ന് 220 ഓളം തീയറ്ററുകൾക്ക് എഗ്രിമെന്റ് അയക്കുകയും ചെയ്തു. 21 ദിവസം സിനിമ പ്രദർശിപ്പിക്കണമെന്ന തീരുമാനത്തിന് 89 തിയറ്ററുകളുടെ എഗ്രിമെന്റ് മാത്രമാണ് തിരിച്ചുവന്നത്. സിനിമ തീയറ്ററിൽ റിലീസ് ചെയ്യുന്നതിൽ എത്രുപേരുടെ പിന്തുണയുണ്ടെന്ന് അന്നെനിക്ക് മനസിലായി. വളരെ കർക്കശമായാണ് പലരും പ്രതികരിക്കുകയും എഗ്രിമെന്റ് അയക്കാതിരിക്കുകയും ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടാമത് തിയറ്റർ തുറന്നപ്പോൾ ആരും വിളിക്കുകയോ റിലീസിംഗ് സംബന്ധിച്ച് ചർച്ച നടത്തുകയോ ചെയ്തില്ല. മോഹൻലാൽ സാറുമായി ഞാൻ സംസാരിച്ചു. ഇനിയും കൂടുതൽ സിനിമകൾ ചെയ്യാനും സ്വപ്നം കാണാനും സാധിക്കണമെങ്കിൽ സ്ട്രോങ് ആയി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം പ്രിയദർശൻ സാറുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് ഒടിടി റിലീസിംഗിന് തീരുമാനിച്ചതെന്നും ആശിർവാദിന്റെ കൂടുതൽ സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 4,89,50,000 രൂപയാണ് തിയറ്ററുടമകൾ തന്നിരുന്നത്. 40 കോടി രൂപ അഡ്വാൻസ് തന്നെന്നുള്ള വാദം വ്യാജമാണ്. ചർച്ചകൾക്ക് വിളിക്കാതിരിക്കുകയും തിയറ്റർ റിലീസ് നടക്കില്ലെന്നും മനസിലായതോടെയാണ് ആ പണം തിരികെ നൽകിത്തുടങ്ങിയത്. പക്ഷേ ഒരു തീയറ്റർകാരനും എന്നോട് പണം തിരികെ ചോദിച്ചിരുന്നില്ല. നാലുവർഷം മുൻപത്തെ കണക്കനുസരിച്ച് എനിക്കിപ്പോഴും ഒരു കോടി രൂപ തീയറ്ററുടമകൾ തരാനുണ്ട്. തിയറ്റർ ഉടമകൾ ചെയ്ത സഹായമൊന്നും വിസ്മരിക്കുന്നില്ലെന്നും അവരും പ്രതിസന്ധിയിലാണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

