കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് ആലോചനയില്‍: ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തുന്ന സമരത്തെ ന്യായീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മാസശമ്പളം പോലും ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ചര്‍ച്ച ചെയ്യാന്‍ വേണ്ടത്ര സമയം പോലും സര്‍ക്കാരിന് നല്‍കിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വീസായി പരിഗണിക്കാനുള്ള പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഒരു രൂപ പോലും വരുമാനമില്ലാത്ത കാലത്തും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ മുടങ്ങാതെ നല്‍കിയിരുന്നു. ഓരോ മാസവും 80 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 30 കോടി രൂപയുടെ അധിക ബാദ്ധ്യത വരുന്ന ശമ്പളപരിഷ്‌കരണമാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൈയും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമ നടപടിയിലേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളുകള്‍ തുറന്ന, ശബരിമല സീസണ്‍ ആരംഭിച്ച ഈ സമയത്ത് തന്നെയുള്ള പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും ജനങ്ങളെ വലക്കരുതെന്നും അദ്ദേഹം പറഞ്ഞു.