ന്യൂയോർക്ക്: ചൈന സൈനിക ശേഷി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഒരു യുദ്ധം മുന്നിൽ കണ്ടെന്നതുപോലെയാണ് ചൈന അതിവേഗം ആവരുടെ ആണവായുധശേഷി വർധിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ വ്യക്തമാക്കി. സൈനിക രംഗത്തുള്ള ചൈനയുടെ നീക്കങ്ങൾ അമേരിക്കയെ പോലും അമ്പരപ്പിക്കുന്നുണ്ട്. 2027 ഓടെ ചൈനയ്ക്ക് ഏകദേശം 700 ന്യൂക്ലിയർ വാർ ഹെഡുകൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
2030 ആകുമ്പോഴേക്കും ചൈനയുടെ ആണവായുധ ബോംബുകളുടെ എണ്ണം 1000 ആയി വർധിക്കുമെന്നും പെന്റഗൺ റിപ്പോർട്ടിൽ പറയുന്നുണ്ട്. കര, വ്യോമ, കടൽ ആസ്ഥാനമായുള്ള ന്യൂക്ലിയർ ആയുധങ്ങൾ വിക്ഷേപിക്കാനുള്ള പ്ലാറ്റ്ഫോമുകളും അതിവേഗം ഉയരുകയാണ് ഇതിനോടകം തന്നെ ചൈന ഇപ്പോൾ തന്നെ ഒരു ന്യൂക്ലിയർ ട്രയാഡ് സ്ഥാപിച്ചതായും പെന്റഗൺ വിശദമാക്കുന്നുണ്ട്. കരയിലും കടലിലും വായുവിലും വിക്ഷേപിക്കുന്ന ന്യൂക്ലിയർ ആയുധം ഘടിപ്പിച്ച മിസൈലുകളുടെ കൂട്ടായ്മയെയാണ് ന്യക്ലിയാർ ട്രയാഡ് എന്ന് പറയുന്നത്.
അതിർത്തിപ്രദേശങ്ങളിലും ചൈന സൈനിക ഉപകരണങ്ങൾ വിന്യസിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും പെന്റഗൺ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ ഹിമാലയത്തിലെ പ്രാന്തപ്രദേശങ്ങളിൽ പോലും ഫൈബർ ഓപ്റ്റിക് ശൃംഖല ചൈന ഉയർത്തിക്കഴിഞ്ഞു. വാർത്താവിനിമയം വേഗത്തിലും ഫലപ്രദമായും നടത്താനുള്ള പ്രാപ്തി കൈവരിക്കാനാണിത്. ചൈനയുടെ ആണവശക്തികളെ നിയന്ത്രിക്കുന്ന 802 ലോഞ്ച് ബ്രിഗേഡാണ്. സൗത്ത് ചൈനയിലെ കുൻമിങാണ് ഈ ബ്രിഗേഡിന്റെ ആസ്ഥാനം. ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ നിന്നും വെറും 1000 കിലോമീറ്റർ മാത്രം അകലെയാണ് കുൻമിങ് സ്ഥിതി ചെയ്യുന്നത്.

