ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥാനക്കയറ്റം

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകി ഇന്ത്യൻ വ്യോമസേന. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഉടൻ തന്നെ അദ്ദേഹം പുതിയ റാങ്കിൽ പ്രവേശിക്കുമെന്നാണ് വിവരം. ഇന്ത്യൻ സൈന്യത്തിൽ സേനാധിപന് സമാനമായ സ്ഥാനമാണ് ഗ്രൂപ്പ് ക്യാപ്റ്റന്റേത്.

ബാലാക്കോട്ടിൽ പാകിസ്താന്റെ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷം പാക് സൈന്യത്തിന്റെ പിടിയിലായ വിംഗ് കമാൻഡറാണ് അഭിനന്ദൻ വർധമാൻ. മിഗ് 21 വിമാനത്തിലായിരുന്നു അഭിനന്ദൻ പാക് സേനയെ പ്രതിരോധിച്ചിരുന്നത്. വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടുകയായിരുന്ന അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിലാക്കിയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് പാകിസ്താൻ അദ്ദേഹത്തെ വിട്ടയച്ചത്.

ബലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്ത അഭിനന്ദൻ വർധമാന് രാജ്യം വീർചക്ര ബഹുമതി നൽകി ആദരിച്ചിരുന്നു.