ഷാര്‍ജ: ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും വിജയിച്ചതോടെ സെമി ഫൈനലിനരികെ എത്തിയിരിക്കുയാണ് മുന്‍ ചാംപ്യന്മാരായിട്ടുള്ള ഇംഗ്ലണ്ട്. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നിലെ നാലാം റൗണ്ട് മല്‍സരത്തില്‍ മറ്റൊരു മുന്‍ ജേതാക്കളായ ശ്രീലങ്കയെ 26 റണ്‍സിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് സെമി ഏറെക്കുറെ ഉറപ്പിച്ചത്.
നാലു കളികളില്‍ നിന്നും എട്ടു പോയിന്റോടെ ഗ്രൂപ്പ് ഒന്നില്‍ തലപ്പത്താണ് ഇംഗ്ലണ്ട്. തൊട്ടു പിന്നിലുള്ള സൗത്താഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കു മൂന്നു കളികളില്‍ നിന്നും നാലു പോയിന്റ് വീതമുണ്ട്.
ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ജോസ് ബട്ലറുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ലങ്കക്കതിരെ ഇംഗ്ലണ്ടിനു വിജയമൊരുക്കിയത്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും റണ്‍ചേസ് ചെയ്തു ജയിച്ച ഇംഗ്ലണ്ട് ആദ്യമായി സ്കോര്‍ പ്രതിരോധിച്ചു ജയിച്ച മത്സരം കൂടിയാണിത്. ഒയ്ന്‍ മോര്‍ഗനാണ് മറ്റൊരു പ്രധാന സ്കോറര്‍. മറ്റാരും തന്നെ രണ്ടക്കം കടന്നില്ല. ഒരു ഘട്ടത്തില്‍ മൂന്നിന് 35 റണ്‍സിലേക്കു വീണ ഇംഗ്ലണ്ടിനെ രക്ഷിച്ചത് ബട്ലര്- മോര്ഗന് ജോടിയാണ്. ബട്ലറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
അതേസമയം, യോഗ്യതാ റൗണ്ടില്‍ നിന്നും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായിട്ടാണ് ശ്രീലങ്ക സൂപ്പര്‍ 12ലെത്തിയത്. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ട് തുടക്കം ഉജ്ജ്വലമാക്കാന്‍ അവര്‍ക്കു സാധിച്ചു. പക്ഷെ തുടര്‍ന്നുള്ള കളികളില്‍ ഈ മികവ് തുടരാന്‍ അവര്‍ക്കായില്ല.

