നാർക്കോട്ടിക് ജിഹാദ് പരാമാർശം; പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസ്

തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്ത് പോലീസ്. നാർക്കോട്ടിക് ജിഹാദ് പരാമാർശത്തിൽ മത സ്പർദ്ധ വളർത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തത്. പാലാ മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരമാണ് നടപടി. കുറുവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് മൗലവി, അഡ്വ. കെ എൻ. പ്രശാന്ത്, അഡ്വ. സി.പി. അജ്മൽ എന്നിവർ നൽകിയ ഹർജിയിലാണ് കേസെടുത്തിരിക്കുന്നത്.

സെപ്റ്റംബർ 8 നാണ് കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസംഗം നടത്തിയത്. കേരളത്തിൽ നാർക്കോട്ടിക്‌സ് ജിഹാദുണ്ടെന്നായിരുന്നു പാലാ ബിഷപ്പിന്റെ പരാമർശം. കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യം വെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങൾ കേരളത്തിൽ പലയിടത്തായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നുമായിരുന്നു ബിഷപ്പ് പറഞ്ഞിരുന്നത്. സെപ്തംബർ 24 നാണ് പാലാ ബിശഷപ്പിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അബ്ദുൽ അസീസ് മൗലവി കുറവിലങ്ങാട് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, പൊലിസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അദ്ദേഹം എസ്. പിക്കും പരാതി നൽകിയിരുന്നു.