ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിന് ഓസ്ട്രേലിയ അംഗീകാരം നല്കി. കര്‍ശന യാത്രാവിലക്കുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊവാക്സിന് അനുമതി നല്‍കിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടിയിരുന്ന ഓസ്ട്രേലിയക്കാര്‍ക്ക് ഇനി പെര്‍മിറ്റില്ലാതെ യാത്ര ചെയ്യാം. അതേസമയം, രാജ്യത്ത് എത്തുമ്പോള്‍ ഇനി മുതല്‍ ക്വാറന്റൈന് പാലിക്കേണ്ട ആവശ്യവുമില്ല.
കൊവാക്സിന് സ്വീകരിച്ച 12 വയസിന് മുകളില്‍ പ്രായമായവരെയും, ചൈനയുടെ സിനോഫോം വാക്സിന് സ്വീകരിച്ച 18നും 60നും ഇടയില്‍ പ്രായമായവരെയും ഓസ്ട്രേലിയയില്‍ കടക്കുന്നതിനായി സമ്പൂര്‍ണ വാക്സിന് സ്വീകരിച്ചവരായി കണക്കാക്കും. ഇവരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഓസ്ട്രേലിയയിലേയ്ക്ക് തിരിച്ചെത്തുന്നതിനും ഈ അംഗീകാരം വഴിയൊരുക്കും. ഈ പ്രഖ്യാപനത്തോടെ ഇന്ത്യ നിര്‍മ്മിച്ച കൊവിഷീല്‍ഡ്, കൊവാക്സിന് എന്നിവക്ക് അംഗീകാരം നല്കുന്ന ആദ്യത്തെ പ്രധാന സമ്പദ്വ്യവസ്ഥയായി ഓസ്ട്രേലിയ മാറി. എന്നാല്‍, വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് യാത്രാ നിയന്ത്രണങ്ങള്‍ തുടരും.

