ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി ചൈന. അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായാണ് റിപ്പോർട്ട്. അതിർത്തി മേഖലയായ അസാഫിലയിലാണ് ചൈന നിർമ്മാണ പ്രവർത്തികളും പട്രോളിങ്ങും വർധിപ്പിച്ചത്. ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലെ നിരീക്ഷണം ഇന്ത്യൻ സേന ശക്തിപ്പെടുത്തിയുണ്ട്. മേഖലയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും കരസേന അറിയിച്ചിട്ടുണ്ട്.
3500-ഓളം കിലോമീറ്റർ വരുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ കൂടുതൽ മേഖലകളിൽ തർക്കം ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരാഖണ്ഡിലെ ബരാഹോട്ടിൽ ചൈനീസ് സൈന്യം എത്തിയിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് ചൈനീസ് സൈന്യം മേഖലയിലെത്തിയതെന്നാണ് വിവരം. ഇതിനിടെയാണ് അരുണാചൽ പ്രദേശിലെ അതിർത്തി മേഖലയിൽ ചൈന സൈനിക വിന്യാസം കൂട്ടിയത്. ഒപ്പം പ്രദേശത്തെ നിർമ്മാണ പ്രവർത്തികളും ശക്തിപ്പടുത്തിയിട്ടുണ്ട്. മേഖലയിലെ റോഡ് നിർമ്മാണമടക്കമാണ് ചൈന ത്വരിതപ്പെടുത്തുന്നത്.
ആർഎഎൽപി മേഖലയായി പരിഗണിക്കുന്ന അരുണാചൽ പ്രദേശിലെ മേഖലയിൽ ടണലുകൾ നിർമ്മിക്കുന്നുവെന്നും സൈനികർക്കായുള്ള താമസസ്ഥലം അടക്കം നിർമ്മിക്കതായും റിപ്പോർട്ടുണ്ട്. എന്നാൽ സാഹചര്യം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് ലഫ്.ജനറൽ മനോജ് പാണ്ഡേ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

