സവര്‍ക്കറുടെയും സുഷമാ സ്വരാജിന്റെയും പേരില്‍ ഡല്‍ഹിയില്‍ സര്‍വകലാശാല

ന്യൂഡല്‍ഹി: പുതുതായി ഡല്‍ഹി സര്‍വകലാശാല തുടങ്ങുന്ന രണ്ട് കോളേജുകളില്‍ ഒന്നിന് ആര്‍എസ്എസ് നേതാവ് വി.ഡി സവര്‍ക്കറുടെ പേര് നല്‍കാന്‍ സര്‍വകലാശാല.
വെളളിയാഴ്ച ചേര്‍ന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ഒരു കോളേജിന് സവര്‍ക്കറുടെയും മറ്റൊന്നിന് മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെയും പേര് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സീമ ദാസ് വെളിപ്പെടുത്തി.

ഇവര്‍ക്ക് പുറമെ പട്ടികയില്‍ സ്വാമി വിവേകാനന്ദന്‍, മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുണ്ടായിരുന്നു. ഇവരില്‍ നിന്നാണ് വൈസ് ചാന്‍സിലര്‍ യോഗേഷ് സിംഗ് ഇരുവരുടെയും പേര് തിരഞ്ഞെടുത്തതെന്നാണ് വിവരം. നജഫ്ഗര്‍ഗിലും ഫത്തേപൂര്‍ ബേരിയിലുമാണ് കോളേജുകള്‍ തുടങ്ങുക. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കഴിഞ്ഞ 25 വര്‍ഷമായി പുതിയ കോളേജ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ സര്‍വകലാശാലയുടെ ഈ തീരുമാനത്തെ സെനറ്റ് അംഗമായ രാജ്പാല്‍ സിംഗ് പവാര്‍ ഉള്‍പ്പടെ നിരവധി പേര്‍ എതിര്‍ത്തെന്നാണ് വിവരം. തിരഞ്ഞെടുത്ത പേരുകള്‍ ഉള്ള വ്യക്തികള്‍ പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെന്ന് രാജ്പാല്‍ വിമര്‍ശിച്ചു. അതേസമയം സവര്‍ക്കരുടെ പേര് കോളേജിനിട്ടാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് എന്‍എസ്യു ഡല്‍ഹി പ്രസിഡന്റ് കുനാല്‍ ഷെരാവത്ത് മുന്നറിയിപ്പ് നല്‍കി.