മതപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ്; വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ ഹരീഷ് വാസുദേവന്‍

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനിരിക്കെ ഇനിയും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ തികച്ചും അര്‍ത്ഥശൂന്യമായ ഒഴിവുകളാണ് പറയുന്നത്. മതപരമായ കാരണങ്ങള്‍ കൊണ്ട് വാക്‌സിന്‍ എടുക്കാത്ത അദ്ധ്യാപകര്‍ സ്‌കൂളുകളില്‍ വരുന്നത് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇതിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് വാസുദേവന്‍. മതപരമായ കാരണത്താല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഇളവ് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് അധികാരം ഇല്ലെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റുള്ളവര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയത് പൊതുജനാരോഗ്യ കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ മതപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാത്ത ഒറ്റയാള്‍ക്കും ഇളവ് കൊടുക്കാന്‍ മന്ത്രിക്ക് അധികാരമില്ല.പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ട് മാത്രമുള്ള മതവിശ്വാസമേ രാജ്യത്ത് അനുവദിച്ചിട്ടുള്ളൂവെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മതപരമായ കാരണത്താൽ വാക്‌സിൻ എടുക്കാത്തവർക്ക് ഇളവ് കൊടുക്കാനുള്ള അധികാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എവിടെ നിന്നാണ് കിട്ടിയത്?

ഭരണഘടനയാണ് മതവിശ്വാസത്തിനുള്ള അവകാശം നൽകുന്നത്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിധേയമായിട്ടു മാത്രമുള്ള മതവിശ്വാസമേ ഇൻഡ്യയിൽ സമ്മതിച്ചിട്ടുള്ളൂ. പൊതുജനാരോഗ്യ കാരണങ്ങളാൽ ആണ് വാക്‌സിൻ മറ്റുള്ളവർക്ക് നിർബന്ധം ആക്കിയതെങ്കിൽ, മതപരമായ കാരണങ്ങളാൽ വാക്‌സിൻ എടുക്കാത്ത ഒറ്റയാൾക്കും ഇളവ് കൊടുക്കാൻ മന്ത്രിക്ക് അധികാരമില്ല.

ഭരണഘടന നടപ്പാക്കാനാണ് മന്ത്രി. അതിനു താഴെയാണ് മന്ത്രി. മന്ത്രിക്കോ മന്ത്രിസഭയ്ക്കോ പ്രത്യേക അവകാശങ്ങൾ ഉണ്ടെന്ന് ശിവൻകുട്ടി മന്ത്രി തെറ്റിദ്ധരിക്കരുത്. ശമ്പളം തുടർന്നും വാങ്ങണമെങ്കിൽ, അവരോട് വാക്‌സിൻ എടുത്ത് ക്ലാസിൽ വരാൻ മന്ത്രി പറയണം. (അലർജി തുടങ്ങിയ ആരോഗ്യസംബന്ധിയായ കാരണങ്ങളാൽ വാക്‌സിനിൽ ഉള്ള ഇളവ് നൽകേണ്ടത് ഭരണഘടനാപരമാണ്.)