ഹോമിയോ മരുന്നിന് പിന്നാലെ സ്‌കൂൾ കുട്ടികൾക്ക് ആയുർവേദ മരുന്നും നൽകുന്നു; അനുമതി നൽകി സംസ്ഥാന ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകൾ തുറക്കുമ്പോൾ കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ ആയുർവേദ മരുന്നും വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന ആയുഷ് വകുപ്പ് രൂപീകരിച്ച കിരണം പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് ആയുർവേദ മരുന്ന് വിതരണം ചെയ്യുന്നതെന്നാണ് വിവരം. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാന ആരോഗ്യവകുപ്പ് അനുമതി നൽകി. സ്‌കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനെന്ന പേരിൽ ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുന്ന നടപടിയ്ക്ക് പിന്നാലെയാണ് ആയുർവേദ മരുന്നും വിതരണം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ കുട്ടികൾക്ക് പ്രതിരോധശേഷി വർധിപ്പിക്കാനായി ച്യവനപ്രാശം ഉൾപ്പെടെ പത്തോളം ആയുർവേദ മരുന്നുകൾ നൽകാൻ കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളവും വിദ്യാർത്ഥികൾക്ക് ആയുർവേദ മരുന്ന് നൽകുന്നത്. ഓരോ കുട്ടികളുടെയും ശാരീരികാവസ്ഥകൾ പരിഗണിച്ചായിരിക്കും ആയുർവേദ വിഭാഗം മരുന്നുകൾ നൽകുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികൾക്കുള്ള പനി, ചുമ, കഫക്കെട്ട്, രുചി നഷ്ടമാകൽ തുടങ്ങിയവയ്‌ക്കെതിരെയുള്ള മരുന്നുകളായിരിക്കും നൽകുക.

കുട്ടികൾക്ക് മരുന്നുകൾ നൽകുന്നത് രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കും. ആയുർവേദ ഡിസ്‌പെൻസറികൾ, ആയുർരക്ഷാ ക്ലിനിക്കുകൾ എന്നീ സ്ഥാപനങ്ങൾ വഴിയും സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ക്യാംപുകൾ വഴിയും മരുന്ന് വിതരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളുുടെ പ്രതിനിധികളും സ്‌കൂൾ അധികൃതരും പദ്ധതിയിൽ സഹകരിക്കണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് ആവശ്യപ്പെട്ടു. അതേസമയം പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക യോഗ ക്ലാസുകൾ നടത്താനും പദ്ധതിയുണ്ട്.