തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് വികസനം, ദേശീയപാതാ വികസനം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹവുമായി ചർച്ച നടത്തിയെന്നും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. വളരെ അനുഭാവപൂർണമായ സമീപനമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പോർട്ടുകളുമായി ബന്ധിപ്പിക്കാവുന്ന റോഡുകൾക്ക് കേന്ദ്ര ധനസഹായം നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. അദ്ദേഹത്തിൻറെ നിർദ്ദേശ പ്രകാരം ഇത് സംബന്ധിച്ച പ്രൊപ്പോസൽ വേഗത്തിൽ തന്നെ സമർപ്പിക്കും. സംസ്ഥാനത്തെ ദേശീയ പാതകളിൽ 1233 കി.മീ. വരുന്ന ഭൂരിഭാഗവും പാതകളും കേരള സർക്കാർ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുള്ളതിനാൽ ഇവയുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അറ്റകുറ്റപ്പണികൾക്കായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഗണിക്കാമെന്ന് ഉറപ്പു നൽകി. അതിനായി ഒരു ഉദ്യോഗസ്ഥനെ അടിയന്തിരമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടർ റിംഗ് റോഡ് നിർമ്മാണം സംബന്ധിച്ചും ചർച്ച നടത്തി. ഇതിന് പ്രിൻസിപ്പൽ അംഗീകാരം ലഭിച്ചു കഴിഞ്ഞതാണ്. 4500 കോടി രൂപയാണ് പദ്ധതി തുക. തിരുവനന്തപുരം നഗരത്തിൻറെ വളർച്ചയ്ക്ക് നിർണായകമാകുന്നതാണ് ഈ പദ്ധതിയെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണൽ ഹൈവേ പദ്ധതികൾക്ക് പ്രിൻസിപ്പൽ അംഗീകാരം കാലതാമസമില്ലാതെ ലഭ്യമാക്കിയതിൽ പ്രത്യേകം നന്ദി അറിയിച്ചു. അതുപോലെ തന്നെ കണ്ണൂർ വിമാനത്താവളം വഴിയുളള ചൊവ്വ- മട്ടന്നൂർ കുട്ടുംപുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്‌പേട്ട- മടിക്കേരി മൈസൂർ വരെയുള്ള റോഡിൻറെ സ്‌ട്രെച്ചിൽ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളിൽ ചിലത് ഗതി ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിൽ പൂർത്തിയിക്കാനുള്ള സാധ്യത പരിശോധിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാജ്യസഭാ എം പിമാരായ ശ്രേയാംസ് കുമാർ, ഡോ. വി. ശിവദാസൻ, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

