കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ചയായിരുക്കും പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിക്കുക എന്ന് കെ സി ബി സി. ഇതോടെ ഇന്ത്യ വത്തിക്കാന്‍ ബന്ധം ഊഷ്മളമാകുമെന്ന് കെ സി ബി സി അറിയിച്ചു.
ജി20 സമ്മേളനത്തിനായി വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി റോമിലെത്തുന്നത്. ഈ മാസം 30, 31 തീയതികളിലായിട്ടാണ് ജി20 സമ്മേളനം നടക്കുക. എന്നാല്‍, ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജി20 സമ്മേളനത്തില്‍ ഇറ്റലി പ്രധാനമന്ത്രി മാരിയോ ദ്രാഗിയുടെ ക്ഷണപ്രകാരമാണു മോദി പങ്കെടുക്കുന്നത്. മോദി അവിടെ നിന്നും യുകെയിലെ ഗ്ലാസ്‌ഗോയിലെത്തും. ഇവിടെ നടക്കുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സമ്മേളനത്തിലും പങ്കെടുക്കും.
പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ 84 കാരനായ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇതിന് മുമ്പ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ പിന്തുണച്ചിരുന്നില്ല. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക ആഘാതങ്ങളായിരിക്കും ഉച്ചകോടിയില്‍ ചര്‍ച്ചയാകുക.
കൊവിഡിനെ തുടര്‍ന്നാണ് 2020ല്‍ നടക്കേണ്ടിയിരുന്ന 120 രാഷ്ട്രത്തലവന്മാരുടെ സമ്മേളനം ഈ വര്‍ഷത്തേക്ക് മാറ്റിയത്.

