രാഷ്ട്രീയ വിരോധം തീർക്കാൻ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ല; പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി ഇ പി ജയരാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. ദത്ത് വിവാദ വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഷ്ട്രീയ വിരോധം തീർക്കാൻ ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. അത് സമൂഹത്തിന്റെ പൊതുസംശുദ്ധിയെ ദുർബലപ്പെടുത്തുകയില്ലേ എന്നുകൂടി പരിശോധിക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പേരൂർക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ തന്നിൽ നിന്നും വേർപ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവർ അവിവാഹിതയായിരുന്നു. വീട്ടുകാർക്കോ നാട്ടുകാർക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവുമില്ല. യുവതിയുടെ പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രശ്‌നങ്ങൾ ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷൻ ചാനലിൽ വന്ന് ആ സ്ത്രീയുടെ ഭർത്താവാണ് ഈ സംഭവത്തിൽ ഉൾപ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തുന്നത്. അവരുമായി വിവാഹ ബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ യുവതിയുമായി അവിഹിത ബന്ധം പുലർത്തിയത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനിൽക്കണോ എന്നുള്ളതാണ് പ്രശ്‌നമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിൽ അവകാശമുണ്ട്. പ്രസവിച്ച അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിനെ ലഭിക്കേണ്ടത്. അതിൽ മറ്റു തർക്കങ്ങളൊന്നുമില്ല. ഇപ്പോൾ യുവതി തന്നിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവർത്തനമല്ലെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ എന്നാണ് ഈ സംഭവത്തെ നിരീക്ഷിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് തനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. സാമൂഹ്യ ചിന്തനത്തിന് വിധേയമാക്കേണ്ട ഇത്തരം വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയം നോക്കി പ്രശ്‌നങ്ങൾ നിരീക്ഷിക്കുകയാണ് ഇപ്പോൾ നടക്കുന്നത്. സി.പി.ഐ.എം എന്ന പാർട്ടിയോട് രാഷ്ട്രീയ വിരോധം ഉണ്ടാകാം. എന്നാൽ ആ വിരോധം തീർക്കാൻ ഇത്തരത്തിലുള്ള ഏതിനേയും ന്യായീകരിക്കുന്നത് നമ്മുടെ സാമൂഹ്യ പ്രശ്‌നങ്ങളെ മറന്നുകൊണ്ടാകരുത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളും കാണാതിരിക്കരുത്. സഭയിൽ ഈ വിഷയം അവതരിപ്പിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കോൺഗ്രസുകാരെയല്ല എന്നതും ശ്രദ്ധിക്കണം. പുരയുള്ളവർക്ക് തീ ഭയം കാണുമെന്ന് അദ്ദേഹം വിമർശിച്ചു.

മറ്റൊരാളുടെ ഭാര്യയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച് ഇപ്പോൾ അവരെ അനാഥയാക്കി വേറൊരു യുവതിക്കൊപ്പം കഴിയുന്ന ഒരാളെ കുറിച്ച് യാതൊരു പരാമർശവും വിഷയ അവതാരികയുടെയോ ഇറങ്ങിപ്പോകാൻ നേതൃത്വം കൊടുത്ത പ്രതിപക്ഷ നേതാവിന്റെയോ പ്രസംഗത്തിൽ കണ്ടില്ല. ഇതുകൂടെ ഇവരുടെ ചർച്ചയിൽ വരേണ്ടതായിരുന്നു. മറുപടി പറയേണ്ട മന്ത്രി അവർക്ക് മറുപടി പറയേണ്ട വിഷയങ്ങളെ കുറിച്ച് മാത്രമേ പറയേണ്ടതുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടി ഒരു ദേശീയ പാർട്ടിയാണ്. അതിന് ഒരു ദേശീയ നയമുണ്ട്. ഒരു സാമൂഹിക സാംസ്‌കാരിക നയമുണ്ട്. അതുകൂടി മനസ്സിലാക്കി, രാഷ്ട്രീയ അപസ്മാരം ഉപേക്ഷിച്ച് വസ്തുതകളിലൂടെ കടന്നുപോകാനും വിശകലനം ചെയ്യാനും ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുമ്പോൾ പ്രതിപക്ഷ നേതാവിന് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞിന്റെ അവകാശം അമ്മയ്ക്ക് തന്നെയാണ് എന്ന് പൂർണ്ണമായും അംഗീകരിക്കുന്നു. പക്ഷേ ഒരു അമ്മ പ്രസവിച്ച് മൂന്ന് ദിവസത്തിനകം ഇത്തരത്തിലുള്ള ഒരു നിലപാട് സ്വീകരിക്കുമ്പോൾ അതിന്റെ പശ്ചാത്തലം ചിന്തിക്കാൻ കഴിയുന്നവർ മനസ്സിലാക്കണം. അമ്മയ്ക്ക് തന്നെയാണ് കുഞ്ഞിന്റെ അവകാശം. ഒരു അമ്മയും ഒരിക്കലും കുഞ്ഞിനെ ഉപേക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുത്. നമ്മുടെ സമൂഹത്തിൽ നിരവധി അഭിമാനങ്ങളും ദുരഭിമാനങ്ങളും ഉണ്ട്. ഈ കാര്യങ്ങളെല്ലാം എല്ലാവരും പരിശോധനകൾക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.