ശ്രീനഗർ: ഐക്യരാഷ്ട്രസഭ 1947 ൽ ഇടപെട്ടില്ലായിരുന്നെങ്കിൽ മുഴുവൻ കാശ്മീരും ഇപ്പോൾ ഇന്ത്യയുടെ ഭാഗമായേനെയെന്ന് വായുസേനയുടെ വെസ്റ്റേൺ എയർ കമാന്റ് മേധാവി എയർ മാർഷൽ അമിത് ദേവ്. കാശ്മീർ താഴ്വരയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കത്തിന്റെ 75-ാം വാർഷിക ദിനത്തിലാണ് അദ്ദേഹം കശ്മീരിലെത്തിയത്.
വായുസേനയുടെയും കരസേനയുടെയും മാത്രമല്ല മറ്റ് ചെറിയ മിഷനുകളുടെയും വിജയമായിരുന്നു കാശ്മീരിനെ ഇന്ത്യയോട് ചേർത്ത സംഭവം. ഇന്നല്ലെങ്കിൽ നാളെ കാശ്മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ വിപിൻ റാവത്തും കരസേനാ മേധാവി എംഎം നരവനെയും ഡൽഹി വാർ മെമ്മോറിയലിൽ ആദരം അർപ്പിച്ചു.
‘കാശ്മീർ രക്ഷകർ’ എന്ന യുദ്ധ സ്മാരകം ജമ്മു കാശ്മീരിൽ ലഫ്.ഗവർണർ മനോജ് സിൻഹ രാജ്യത്തിന് സമർപ്പിച്ചു. ശ്രീനഗർ വിമാനത്താവളത്തിലാണ് യുദ്ധ സ്മാരകം. 1947 ൽ ഇന്ത്യൻ സൈന്യം ശ്രീനഗർ വിമാനത്താവളത്തിൽ വന്നിറങ്ങിയതിന്റെ ഓർമ്മയ്ക്കായാണ് സ്മാരകം പണിതത്.

